latest

പതിനൊന്നാമത് മോനിപ്പള്ളി സംഗമം മെയ് 6 ന്. മോൻസ് ജോസഫ് MLA മുഖ്യാതിഥി.

Anil Mattathikunnel  ,  2017-04-18 09:14:09pmm അനിൽ മറ്റത്തിക്കുന്നേൽ

ബാസിൽഡൻ : യുകെയിലെ മോനിപ്പള്ളി സ്വദേശികളുടെ വാർഷിക സംഗമമായ മോനിപ്പള്ളി സംഗമത്തിന്റെ പതിനൊന്നാമത് എഡിഷൻ മെയ് 6 ന് ബാസിൽഡനിൽ വച്ച് നടത്തപ്പെടുന്നു. ഇത്തവണ മോനിപ്പള്ളി സംഗമത്തിൽ മുഖ്യാതിഥിയായി എത്തുന്നത് മോനിപ്പള്ളി ഉൾപ്പെടുന്ന കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ സ്വന്തം എം എൽ എ മോൻസ് ജോസഫ് ആണ്. യുകെയിലെ മലയാളികളുടെ കുടിയേറ്റം ശക്തമായതിനു ശേഷം പ്രാദേശികാടിസ്ഥാനത്തിൽ നിലവിൽ വന്ന സംഗമങ്ങളിൽ, പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘടനാ മികവുകൊണ്ടും എന്നും മുൻപന്തിയിൽ നിൽക്കുന്ന മോനിപ്പള്ളി സംഗമം, കേവലം ഒരു കൂട്ടായ്മ എന്ന രീതിയിൽ മാത്രമായി ഒതുങ്ങാതെ, സ്വദേശത്തുള്ള അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും കാരുണ്യത്തിന്റെ സ്വാന്തന സ്പർശനമായി കൂടിയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കൂടാതെ എന്നും നൂതനമായ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ചുകൊണ്ടു യുകെയിലെ മലയാളി സമൂഹത്തിനു എന്നും മാതൃകയായിട്ടുണ്ട് മോനിപ്പള്ളി സംഗമം. ബർമിംഗ്ഹാമിൽ വച്ച് നടത്തപ്പെട്ട പത്താമത് സംഗമത്തിൽ ഇദംപ്രഥമമായി അവതരിപ്പിച്ച മോനിപ്പള്ളിയെക്കുറിച്ചുള്ള പാട്ട്, പല പ്രാദേശിക സംഗമ സംഘാടകർക്കും പ്രചോദനവും അനുകരണീയമായ മാതൃകയും ആയി എന്നത് മോനിപ്പള്ളി സംഗമത്തിന്റെ സംഘാടന മികവിന്റെ ഉദാഹരണമാണ്. ഈ മനോഹര ഗാനത്തിന് ചുവടുകൾ വച്ചുകൊണ്ടു യു കെ യിലെ അനുഗ്രഹീത കലാകാരനായ കലാഭവൻ നൈസ് പരിശീലിപ്പിച്ച സംഘം, കഴിഞ്ഞ വർഷത്തെ സംഗമത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഓരോ വർഷവും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഗമത്തിൽ പങ്കെടുക്കുന്ന മോനിപ്പള്ളി സ്വദേശികളുടെ എണ്ണം കുത്തനെ ഉയരുന്നു എന്നത് ഈ സംഗമത്തിന്റെ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത് എന്ന് മോനിപ്പള്ളി സംഗമത്തിന്റെ പ്രസിഡണ്ട് ജിജി വരിക്കാശ്ശേരിൽ അറിയിച്ചു. മോൻസ് ജോസഫ് എം എൽ എ യെ കൂടാതെ യു കെ യിലെ തന്നെ നിരവധി മേഖലകളിൽ കഴിവും പ്രാവീണ്യവും തെളിയിച്ചിട്ടുള്ള വിശിഷ്ടവ്യക്തികളും സംഗമത്തിൽ പങ്കെടുക്കും. വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാകുവാൻ, മലയാളി സമൂഹത്തിലെ കഴിവുള്ള പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും ഇത്തവണ സംഗമത്തിൽ നടത്തപ്പെടും.ജിജി വരിക്കാശ്ശേരി (പ്രസിഡണ്ട്), റോബിൻ കളപ്പുരക്കൽ ( സെക്രട്ടറി ), ബെന്നി കൊല്ലിയിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഇത്തവണത്തെ സംഗമത്തിന് ചുക്കാൻ പിടിക്കുന്നത്. 



Latest

Copyrights@2016.