ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെയും ബി സി എം കോളേജിന്റെയും നേതൃത്വത്തിൽ മരിയാപുരം പഞ്ചായത്തിൽ ഓരാഴ്ചക്കാലമായി നടന്നു വന്ന ഗ്രാമ പഠന ശിബിരത്തിന് സമാപനമായി. ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മരിയാപുരം പഞ്ചായത്തുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. സാമൂഹ്യ സാമ്പത്തിക സർവേകൾ, ശുദ്ധ ജല വിതരണ പ്രവർത്തനങ്ങൾ,സൗരോർജ വൈദ്യുത വിളക്കുകളുടെ സർവ്വേ എന്നീ പ്രവർത്തനങ്ങളോടപ്പം പഞ്ചായത്ത് തല പങ്കാളിത്താധിഷ്ടിത വിവര ശേഖരണവും നടത്തി. തടിയൻപാട് മരിയസദൻ അനിമേഷൻ സെന്ററിൽ ഡോ. സിബി ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പോടുകൂടി ആരംഭിച്ച സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ നിർവഹിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ബി സി എം കോളേജ് അദ്ധ്യാപകരായ സിസ്റ്റർ ഷീന എം യു, നന്ദ കിഷോർ, സ്റ്റുഡന്റസ് കോ-ഓർഡിനേറ്റർമാരായ അജിത്ത് റ്റി. ബി, സുൽത്താന സുബൈർ എന്നിവർ പ്രസംഗിച്ചു.