Home ഇന്ത്യൻ വാർത്തകൾ മാര്‍ ജോസഫ് പൗവ്വത്തില്‍ വിശ്വാസ വഴിയില്‍ സഭയെ നയിച്ച അജപാലകന്‍ : മാര്‍ മാത്യു മൂലക്കാട്ട്

മാര്‍ ജോസഫ് പൗവ്വത്തില്‍ വിശ്വാസ വഴിയില്‍ സഭയെ നയിച്ച അജപാലകന്‍ : മാര്‍ മാത്യു മൂലക്കാട്ട്

249
0

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തില്‍ വിശ്വാസവഴിയില്‍ സഭയെ നയിച്ച അജപാലകനായിരുന്നുവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. സാര്‍വ്വത്രിക സഭയിലും ഭാരതസഭയിലും കേരളസഭയിലും സീറോമലബാര്‍ സഭയിലും സമുന്നതമായ വിവിധ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ച മാര്‍ പൗവ്വത്തില്‍ സഭാശുശ്രൂഷാരംഗത്തും സാമൂഹികരംഗത്തും സവിശേഷമായി വിദ്യാഭ്യാസരംഗത്തും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഭയുടെ കാഴ്ചപ്പാടുകള്‍ ആഴത്തില്‍ പഠിച്ച്, ഉറച്ച ബോദ്ധ്യത്തോടെ നിലപാടുകളെടുക്കാനും അവ നടപ്പിലാക്കുവാനും അഭിവന്ദ്യ പിതാവു കാണിച്ചിരുന്ന തീഷ്ണത മാതൃകാപരമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സീറോ മലബാര്‍ സഭയുടെ കല്‍ദായ സുറിയാനി പാരമ്പര്യം വീണ്ടെടുക്കുവാന്‍ അഭിവന്ദ്യ പിതാവു സവിശേഷ നിഷ്ഠ പുലര്‍ത്തി. ചങ്ങനാശ്ശേരി അതിരൂപതയുടെ സാമന്തരൂപതയായിരുന്ന കാലഘട്ടത്തില്‍ കോട്ടയം രൂപതയോട് അഭിവന്ദ്യ പൗവ്വത്തില്‍ പിതാവു കാണിച്ചിരുന്ന സ്‌നേഹവും കരുതലും കോട്ടയം അതിരൂപത നന്ദിയോടെ അനുസ്മരിക്കുകയും അഭിവന്ദ്യ പിതാവു കാണിച്ചുതന്ന നല്ല മാതൃകകള്‍ വരുംകാലങ്ങളില്‍ ഏവര്‍ക്കും മാര്‍ഗ്ഗദീപമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അഭിവന്ദ്യ പിതാവിന്റെ ആത്മശാന്തിക്കായി ചങ്ങനാശ്ശേരി അതിരൂപതയോടൊപ്പം കോട്ടയം അതിരൂപത ഒന്നാകെ പ്രാര്‍ത്ഥിക്കുന്നതായും മാര്‍ മാത്യു മൂലക്കാട്ട് അറിയിച്ചു.

Previous articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു.
Next articleലിബിൻ ജോസ് പാറയിലിന് മാഞ്ചസ്റ്ററിൽ സ്വീകരണം നൽകി

Leave a Reply