മിസോറി സിറ്റി: നഗരത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കു നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച് , ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനാ വികാരി ഫാ.സുനി പടിഞ്ഞാറേക്കരയ്ക്ക് ‘നഗരത്തിന്റെ താക്കോല്‍’ ബഹുമതി മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലയ്ക്കാട്ട് ആദരമര്‍പ്പിച്ചു. സെപ്റ്റംബര്‍ പത്ത് ഞായറാഴ്ച രാവിലെയുള്ള ദിവ്യബലിക്കു ശേഷം പള്ളിയില്‍ നടന്ന ചടങ്ങിലാണ് നഗരത്തിന്റെ ആദരം കൈമാറിയത്. നഗരത്തിലെ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന സേവന ശുശ്രൂഷകള്‍ക്കുള്ള അംഗീകാരമായി മേയര്‍ക്കു നല്‍കാവുന്ന പരമോന്നത ബഹുമതിയാണിത്. മിസോറി സിറ്റി കൗണ്‍സില്‍ അംഗം ആന്തണി മറൗലിസ് ബഹുമതി പത്രം വായിച്ചു. ഫാ.സുനി പടിഞ്ഞാറേക്കരയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി യുടെ വകയായുള്ള ബഹുമതി പത്രം കോണ്‍സ്റ്റബിള്‍ ഡാരല്‍ സ്മിത്ത് ചടങ്ങില്‍ വായിച്ചു. ഫാ. സുനി പടിഞ്ഞാറേക്കര നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും, ഇന്ത്യയില്‍ പാവപ്പെട്ട 60 കുടുംബങ്ങള്‍ക്കു വീടുവയ്ക്കാന്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തനം നഗരം ഏറെ ആദരവോടെയാണ് കാണുന്നതെന്നും മേയര്‍ റോബിന്‍ ഇലയ്ക്കാട്ട് തദവസരത്തില്‍ പറഞ്ഞു. ഈ ബഹുമതി തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും, ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് ഇടവകയ്ക്കു ലഭിച്ച വലിയ അംഗീകാരമാണെന്നും മറുപടി പ്രസംഗത്തില്‍ ഫാ.സുനി പടിഞ്ഞാറേക്കര പറഞ്ഞു.