മാനന്തവാടി: വെള്ളമുണ്ട പുളിഞ്ഞാൽ പള്ളി ഇടവകാംഗമായ നെല്ലിയാനിക്കോട്ട് തങ്കച്ചൻ (53) ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തങ്കച്ചൻ വനംവകുപ്പ് താൽക്കാലിക വാച്ചറും, ഗൈഡുമായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ചിറപ്പുല്ല് വനം ഭാഗത്തേക്ക് രാവിലെ കർണാടക സ്വദേശികളായ വിനോദ സഞ്ചാരികളുമായി പോകവേ തവളപ്പാറ മേഖലയിൽ വെച്ചാണ് കാട്ടാനയുടെ ആ ക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ട് തിരികെ എത്തി വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത്. തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളമുണ്ട പുളിഞ്ഞാൽ നെല്ലിക്കാച്ചാൽ നെല്ലിയാനിക്കോട്ട് വീട്ടിൽ മത്തായിയുടെ മകനാണ് തങ്കച്ചൻ. ഭാര്യ: സുജ. മക്കൾ: അയോണ,അനോൾഡ്.