Home ഇന്ത്യൻ വാർത്തകൾ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപനം

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപനം

272
0

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. സമാപന ആഘോഷത്തോടനുബന്ധിച്ച് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നിന്നും ഫൊറോന വികാരി റവ. ഫാദര്‍ ജോസ് അരീച്ചിറ വിശുദ്ധ അഗസ്തീനോസിന്റെ ചായാചിത്രം അനാച്ഛാദനം ചെയ്തു. 150 വാഹനങ്ങളുടെയും പ്ലോട്ടുകളുടെയും അകമ്പടിയോടു കൂടി ചായാചിത്ര പ്രയാണം കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ എത്തിച്ചേര്‍ന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സമ്പൂര്‍ണ്ണ ബൈബിള്‍ കൈയെഴുത്ത് പ്രതി പള്ളിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ജൂബിലി സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ മൂല്യങ്ങളുടെയും പരസ്‌നേഹത്തിന്റെയും കൂട്ടായ്മയാണ് ഇത്തരം ജൂബിലി ആഘോഷങ്ങളുടെ വിജയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പ്രദേശത്തെ മുഴുവന്‍ ജനസമൂഹത്തിനും നന്മ പകരുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഈ ജൂബിലി വര്‍ഷത്തിലെ ആഘോഷങ്ങള്‍ ഏറ്റവും പ്രശോഭിതമാക്കാന്‍ സാധിച്ചു എന്ന് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു. മാനവികത മുറുകെ പിടിച്ചു കൊണ്ട് ദൈവകേന്ദ്രീകൃതമായ ഒരു സാമൂഹ്യ വളര്‍ച്ചയ്ക്കായി ഇനിയും മുന്നോട്ടു പോകുവാന്‍ ഈ ആഘോഷങ്ങള്‍ പ്രചോദനമാകട്ടെ എന്നും പിതാവ് അനുസ്മരിച്ചു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തുകയും ജൂബിലി സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു. പുതുതായി നിര്‍മ്മിച്ച മൂന്ന് ഭവനങ്ങളുടെ താക്കോല്‍ദാനം തൊടുപുഴ എംഎല്‍എ പി ജെ ജോസഫ് നിര്‍വഹിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ തോമസ്,ഫാ. ജയ്‌മോന്‍ ചെന്നാക്കുഴി , ഫാ. ജോസ് അരിച്ചിറ,ഫാ. തോമസ് പൂവത്തിങ്കല്‍ (നെടികാട് പള്ളി വികാരി) സി.ഡോ. മേഴ്‌സിലിറ്റ് എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കലാസന്ധ്യയും സ്‌നേഹവിരുന്നും നടത്തി. ആഘോഷ പരിപാടികള്‍ക്ക് ഫാ. അലക്‌സ് ഓലിക്കര, ഫാ. ഷെറിന്‍ കുരുക്കിലേട്ട് , സുനില്‍ തോമസ്, റെജിപി തോമസ്, ജോസ് കളരിക്കല്‍ , തോമസ് കുഴിപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous articleഫാ. എബ്രഹാം മുത്തോലത്തിന് ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി
Next articleറോക്‌ ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി. കന്യാമറിയത്തിന്റെ തിരുന്നാൾ വർണ്ണാഭമായി

Leave a Reply