ന്യൂഡല്‍ഹി: കേള്‍വിശക്തിയില്ലാത്തവര്‍ക്കു കൂടി സഹായകരമാകുംവിധം സുപ്രീം കോടതിയിലെ വാദങ്ങള്‍ ആദ്യമായി ആംഗ്യഭാഷയിലേക്കു തല്‍സമയം വ്യാഖ്യാനം ചെയ്യപ്പെട്ടു. ഇതിനു കാരണമായതാകട്ടെ ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക എന്നു വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം മള്ളൂശ്ശേരി പറമ്പേട്ട് സണ്ണിയുടെ മകള്‍ സാറാ സണ്ണി. വെള്ളിയാഴ്ച ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കോടതി മുറിയില്‍ ഒരു കേസുമായി ബന്ധപ്പെട്ടു സാറ ഓണ്‍ലൈനായി ഹാജരായിരുന്നു. സഭഅഭിഭാഷക സഞ്ജിതയാണു സാറയും കോടതിയിലുണ്ടെന്ന കാര്യം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ, ഇവരുടെ കേസ് വിളിച്ചെത്തും മുന്‍പ് തന്നെ മറ്റൊരു ലിങ്കില്‍ ആംഗ്യഭാഷ വ്യാഖ്യാനം ചെയ്യാന്‍ അറിയാവുന്ന സൗരവ് ചൗധരി എന്ന അഭിഭാഷകനെ ദ്വിഭാഷിയായി ചീഫ് ജസ്റ്റീസ് ലഭ്യമാക്കി. ഭിന്നശേഷിക്കാരുടെ അവകാശവുമായി ബന്ധപ്പെട്ട്, സാറ ഹാജരായ 37-ാം നമ്പര്‍ കേസില്‍ നടന്ന വാദങ്ങളും നടപടികളും സൗരവ്, സാറയ്ക്കുവേണ്ടി ആംഗ്യഭാഷയില്‍ വ്യാഖ്യാനിച്ചു. സാറയുടെ കേസിനു മുന്‍പു കോടതി പരിഗണിച്ച മറ്റു കേസുകളിലെ വാദപ്രതിവാദവും സൗരവ് വിശദീകരിച്ചു.
ചീഫ് ജസ്റ്റീസും സോളിസിറ്റള്‍ ജനറല്‍ തുഷാര്‍ മേത്തയും സൗരവിനെ അഭിനന്ദിച്ചു. കോടതി നടപടികള്‍ തത്സമയം ലഭ്യമാകുന്ന കാലത്തു ശ്രവണ-സംസാര വെല്ലുവിളികളുള്ളവര്‍ക്കായി ഇതു സ്ഥിരം സൗകര്യമാക്കുന്നതു കോടതി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണു സാറ. ബെംഗാലൂരില്‍ താമസമാക്കിയ ചാര്‍ട്ടേഡ് അക്കൗണ്‍റ് സണ്ണി കുരുവിളയുടെയും ബെറ്റിയുടെയും മകളായ സാറ നിലവില്‍ ബെംഗ്ലൂരുവിലാണു പ്രാക്ടീസ് ചെയ്യുന്നത്. സാറായും കുടുംബാംഗങ്ങളുംശ്രവണവെല്ലുവിളികളുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ ‘ആക്‌സസ് മന്ത്ര’ എന്ന സ്ഥാപനമാണ്, സാറയാണ് എന്റോള്‍ ചെയ്ത ഏക ഡെഫ് അഡ്വക്കേറ്റ് എന്നു സ്ഥിരീകരിച്ചത്. ഭിന്നശേഷി വിഷയങ്ങളില്‍ നീതി ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നാണു സാറയുടെ ആഗ്രഹം. ബെംഗ്ലൂര്‍ സ്വര്‍ഗ്ഗറാണി ഇടവകാംഗമാണ് ഇപ്പോള്‍ സണ്ണിയും കുടുംബവും.