കോട്ടയം: സഭയെയും സമുദായത്തെയും ശക്തിപ്പെടുത്തുവാന്‍ അതിരൂപതയിലെ സമുദായ സംഘടനകള്‍ രൂപതാ ഫൊറോന യൂണിറ്റു തലങ്ങളില്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാ ഭാരവാഹികളുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും നേതൃസംഗമം കോട്ടയം ബിഷപ്‌സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിലൂടെ കാലാകാലങ്ങളില്‍ ലഭ്യമാകുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഭാ-സമുദായ കൂട്ടായ്മയില്‍ നിലനിന്നുകൊണ്ടു സമുദായത്തെ ശക്തിപ്പെടുത്തുവാന്‍ സമുദായ സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ക്‌നാനായ സമുദായ ചരിത്രവും പൂര്‍വ്വികരുടെ മാതൃകകളും സമുദായാംഗങ്ങളുടെ ഇക്കാലത്തെ ജീവിതസാഹചര്യങ്ങളും നേതൃനിരയിലുള്ളവര്‍ പഠനവിധേയമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.സി.വൈ.എല്‍ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സമകാലിക സഭാസമുദായ വിഷയങ്ങളില്‍ ചര്‍ച്ചകളും സംശയനിവാരണവും നടത്തി. വിശ്വാസത്തിലും കൂട്ടായ്മയിലും ഒരുമിച്ചു നില്‍ക്കുവാനും കൂടുതല്‍ സഭാസമുദായ പരിശീലനക്കളരികള്‍ സംഘടിപ്പിക്കുവാനും രൂപതയിലെ ഓരോ അംഗത്തെയും പ്രായത്തിനു യോജിച്ച സംഘടനയില്‍ അംഗങ്ങളാക്കി സമുദായത്തെ ശക്തിപ്പെടുത്തുവാനും തീരുമാനിച്ചു. അതിരൂപതാ സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിലും പൊതുസമൂഹത്തിലും കൂടുതല്‍ സജീവമാക്കുവാന്‍ ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിച്ചത്.
Home ഇന്ത്യൻ വാർത്തകൾ സമുദായ സംഘടനകള്‍ കൂട്ടായി പ്രവര്‍ത്തിച്ച് സഭയെയും സമുദായത്തെയും ശക്തിപ്പെടുത്തണം : മാര്‍ മാത്യു മൂലക്കാട്ട്